1
ബഹുദൈവവിശ്വാസികളില്‍ നിന്ന് ആരുമായി നിങ്ങള്‍ കരാറില്‍ ഏര്‍പെട്ടിട്ടുണ്ടോ അവരോട് അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും ഭാഗത്ത് നിന്നുള്ള ബാധ്യത ഒഴിഞ്ഞതായി ഇതാ പ്രഖ്യാപിക്കുന്നു.
2
അതിനാല്‍ (ബഹുദൈവവിശ്വാസികളേ,) നിങ്ങള്‍ നാലുമാസക്കാലം ഭൂമിയില്‍ യഥേഷ്ടം സഞ്ചരിച്ച് കൊള്ളുക. നിങ്ങള്‍ക്ക് അല്ലാഹുവിനെ തോല്‍പിക്കാനാവില്ലെന്നും, സത്യനിഷേധികള്‍ക്കു അല്ലാഹു അപമാനം വരുത്തുന്നതാണെന്നും നിങ്ങള്‍ അറിഞ്ഞിരിക്കുകയും ചെയ്യുക.
3
മഹത്തായ ഹജ്ജിന്‍റെ ദിവസത്തില്‍ മനുഷ്യരോട് (പൊതുവായി) അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ഭാഗത്തുനിന്ന് ഇതാ അറിയിക്കുകയും ചെയ്യുന്നു; അല്ലാഹുവിനും അവന്‍റെ ദൂതന്നും ബഹുദൈവവിശ്വാസികളോട് യാതൊരു ബാധ്യതയുമില്ലെന്ന്. എന്നാല്‍ (ബഹുദൈവവിശ്വാസികളേ,) നിങ്ങള്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നിങ്ങള്‍ക്ക് അല്ലാഹുവെ തോല്‍പിക്കാനാവില്ലെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക. (നബിയേ,) സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി നീ സന്തോഷവാര്‍ത്ത അറിയിക്കുക.
4
എന്നാല്‍ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന് നിങ്ങള്‍ കരാറില്‍ ഏര്‍പെടുകയും, എന്നിട്ട് നിങ്ങളോട് (അത് പാലിക്കുന്നതില്‍) യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും, നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്‍കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്ന് ഒഴിവാണ്. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധിവരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
5
അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.
6
ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്‍റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്‍റെ വചനം അവന്‍ കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്.
7
എങ്ങനെയാണ് ആ ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹുവിന്‍റെ അടുക്കലും അവന്‍റെ ദൂതന്‍റെ അടുക്കലും ഉടമ്പടി നിലനില്‍ക്കുക? നിങ്ങള്‍ ആരുമായി മസ്ജിദുല്‍ ഹറാമിന്‍റെ അടുത്ത് വെച്ച് കരാറില്‍ ഏര്‍പെട്ടുവോ അവര്‍ക്കല്ലാതെ. എന്നാല്‍ അവര്‍ നിങ്ങളോട് ശരിയായി വര്‍ത്തിക്കുന്നേടത്തോളം നിങ്ങള്‍ അവരോടും ശരിയായി വര്‍ത്തിക്കുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
8
അതെങ്ങനെ (നിലനില്‍ക്കും?) നിങ്ങളുടെ മേല്‍ അവര്‍ വിജയം നേടുന്ന പക്ഷം നിങ്ങളുടെ കാര്യത്തില്‍ കുടുംബബന്ധമോ ഉടമ്പടിയോ അവര്‍ പരിഗണിക്കുകയില്ല. അവരുടെ വായ്കൊണ്ട് അവര്‍ നിങ്ങളെ തൃപ്തിപ്പെടുത്തും. അവരുടെ മനസ്സുകള്‍ വെറുക്കുകയും ചെയ്യും. അവരില്‍ അധികപേരും ധിക്കാരികളാകുന്നു.
9
അവര്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ തുച്ഛമായ വിലയ്ക്ക് വിറ്റുകളയുകയും, അങ്ങനെ അവന്‍റെ മാര്‍ഗത്തില്‍ നിന്ന് (ആളുകളെ) തടയുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിച്ചു വരുന്നത് വളരെ ചീത്തയാകുന്നു.
10
ഒരു സത്യവിശ്വാസിയുടെ കാര്യത്തിലും കുടുംബബന്ധമോ ഉടമ്പടിയോ അവര്‍ പരിഗണിക്കാറില്ല. അവര്‍ തന്നെയാണ് അതിക്രമകാരികള്‍.
11
എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു.
12
ഇനി അവര്‍ കരാറില്‍ ഏര്‍പെട്ടതിന് ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യനിഷേധത്തിന്‍റെ നേതാക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. തീര്‍ച്ചയായും അവര്‍ക്ക് ശപഥങ്ങളേയില്ല. അവര്‍ വിരമിച്ചേക്കാം.
13
തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, റസൂലിനെ പുറത്താക്കാന്‍ മുതിരുകയും ചെയ്ത ഒരു ജനവിഭാഗത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലേ? അവരാണല്ലോ നിങ്ങളോട് ആദ്യതവണ (യുദ്ധം) തുടങ്ങിയത്. അവരെ നിങ്ങള്‍ ഭയപ്പെടുകയാണോ? എന്നാല്‍ നിങ്ങള്‍ ഭയപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളത് അല്ലാഹുവെയാണ്; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍.
14
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകളാല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയും അവരെ അവന്‍ അപമാനിക്കുകയും, അവര്‍ക്കെതിരില്‍ നിങ്ങളെ അവന്‍ സഹായിക്കുകയും, വിശ്വാസികളായ ആളുകളുടെ ഹൃദയങ്ങള്‍ക്ക് അവന്‍ ശമനം നല്‍കുകയും ചെയ്യുന്നതാണ്.
15
അവരുടെ മനസ്സുകളിലെ രോഷം അവന്‍ നീക്കികളയുകയും ചെയ്യുന്നതാണ്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
16
അതല്ല, നിങ്ങളില്‍ നിന്ന് സമരം ചെയ്യുകയും, അല്ലാഹുവിന്നും അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും പുറമെ യാതൊരു രഹസ്യകൂട്ടുകെട്ടും സ്വീകരിക്കാതിരിക്കുകയും ചെയ്തവര്‍ ആരെന്ന് അല്ലാഹു അറിഞ്ഞിട്ടല്ലാതെ നിങ്ങളെ വിട്ടേക്കുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? അല്ലാഹുവാകട്ടെ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.
17
ബഹുദൈവവാദികള്‍ക്ക്, സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട് അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും.
18
അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവര്‍ മാത്രമാണ്. എന്നാല്‍ അത്തരക്കാര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം.
19
തീര്‍ത്ഥാടകന്ന് കുടിക്കാന്‍ കൊടുക്കുന്നതും, മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന് തുല്യമായി നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ ? അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്‍മാര്‍ഗത്തിലാക്കുന്നതല്ല.
20
വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്തായ പദവിയുള്ളവരാണ്. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍.
21
അവര്‍ക്ക് അവരുടെ രക്ഷിതാവ് അവന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യത്തെയും പ്രീതിയെയും സ്വര്‍ഗത്തോപ്പുകളെയും പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവര്‍ക്ക് അവിടെ ശാശ്വതമായ സുഖാനുഭവമാണുള്ളത്.
22
അവരതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുക്കലാണ് മഹത്തായ പ്രതിഫലമുള്ളത്.
23
സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്. നിങ്ങളില്‍ നിന്ന് ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അക്രമികള്‍.
24
(നബിയേ,) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്‍റെ ദൂതനെക്കാളും അവന്‍റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല.
25
തീര്‍ച്ചയായും ധാരാളം (യുദ്ധ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. ഹുനൈന്‍ (യുദ്ധ) ദിവസത്തിലും (സഹായിച്ചു.) അതായത് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും എന്നാല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമിവിശാലമായിട്ടും നിങ്ങള്‍ക്ക് ഇടുങ്ങിയതാവുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം.
26
പിന്നീട് അല്ലാഹു അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും അവന്‍റെ പക്കല്‍ നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും, സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതത്രെ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.
27
പിന്നീട് അതിന് ശേഷം താന്‍ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
28
സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്. (അവരുടെ അഭാവത്താല്‍) ദാരിദ്ര്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക് ഐശ്വര്യം വരുത്തുന്നതാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
29
വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.
30
ഉസൈര്‍ (എസ്രാ പ്രവാചകന്‍) ദൈവപുത്രനാണെന്ന് യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ് (മിശിഹാ) ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്?
Sonraki 30 ayet →