1
(നബിയേ,) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും അവന്‍റെ റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.
2
അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.
3
നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവര്‍.
4
അവര്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പല പദവികളുണ്ട്. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്.
5
വിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെ ത്തന്നെ നിന്‍റെ വീട്ടില്‍ നിന്ന് ന്യായമായ കാര്യത്തിന് നിന്‍റെ രക്ഷിതാവ് നിന്നെ പുറത്തിറക്കിയത് പോലെത്തന്നെയാണിത്.
6
ന്യായമായ കാര്യത്തില്‍, അതു വ്യക്തമായതിനു ശേഷം അവര്‍ നിന്നോട് തര്‍ക്കിക്കുകയായിരുന്നു. അവര്‍ നോക്കിക്കൊണ്ടിരിക്കെ മരണത്തിലേക്ക് അവര്‍ നയിക്കപ്പെടുന്നത് പോലെ.
7
രണ്ടു സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്. അല്ലാഹുവാകട്ടെ തന്‍റെ കല്‍പനകള്‍ മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയുവാനും ആണ് ഉദ്ദേശിച്ചിരുന്നത്.
8
സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമത്രെ അത്. ദുഷ്ടന്‍മാര്‍ക്ക് അതെത്ര അനിഷ്ടകരമായാലും ശരി.
9
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി.
10
ഒരു സന്തോഷവാര്‍ത്തയായിക്കൊണ്ടും നിങ്ങളുടെ ഹൃദയങ്ങള്‍ക്കു സമാധാനം നല്‍കുന്നതിന് വേണ്ടിയും മാത്രമാണ് അല്ലാഹു അത് ഏര്‍പെടുത്തിയത്. അല്ലാഹുവിങ്കല്‍ നിന്നല്ലാതെ യാതൊരു സഹായവും ഇല്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
11
അല്ലാഹു തന്‍റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന് പിശാചിന്‍റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക.)
12
നിന്‍റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.
13
അവര്‍ അല്ലാഹുവോടും അവന്‍റെ ദൂതനോടും എതിര്‍ത്തു നിന്നതിന്‍റെ ഫലമത്രെ അത്. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.
14
അതാ അതു നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്ക് തന്നെയാണ് നരകശിക്ഷ എന്ന് (മനസ്സിലാക്കുകയും ചെയ്യുക.)
15
സത്യവിശ്വാസികളേ, സത്യനിഷേധികള്‍ പടയണിയായി വരുന്നതു നിങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അവരില്‍ നിന്ന് പിന്തിരിഞ്ഞ് ഓടരുത്.
16
യുദ്ധ (തന്ത്ര) ത്തിനായി സ്ഥാനം മാറുന്നതിനോ (സ്വന്തം) സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ അന്ന് അവരില്‍ നിന്നു (ശത്രുക്കളുടെ മുമ്പില്‍ നിന്ന്) വല്ലവനും പിന്തിരിഞ്ഞ് കളയുന്ന പക്ഷം അവന്‍ അല്ലാഹുവില്‍നിന്നുള്ള കോപത്തിനു പാത്രമായിരിക്കുന്നതും അവന്‍റെ സങ്കേതം നരകമായിരിക്കുന്നതുമാണ്. ചെന്നുചേരാന്‍ കൊള്ളരുതാത്ത സ്ഥലമത്രെ അത്.
17
എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്. (നബിയേ,) നീ എറിഞ്ഞ സമയത്ത് നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ് എറിഞ്ഞത്. തന്‍റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
18
അതാണ് (കാര്യം) സത്യനിഷേധികളുടെ തന്ത്രത്തെ അല്ലാഹു ബലഹീനമാക്കുക തന്നെ ചെയ്യുന്നതുമാണ്.
19
(സത്യനിഷേധികളേ,) നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കിലോ നാമും ആവര്‍ത്തിക്കുന്നതാണ്. നിങ്ങളുടെ സംഘം എത്ര എണ്ണക്കൂടുതലുള്ളതാണെങ്കിലും അത് നിങ്ങള്‍ക്ക് ഉപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്.
20
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്‍റെ റസൂലിനെയും അനുസരിക്കുക. (സത്യസന്ദേശം) കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് തിരിഞ്ഞുകളയരുത്.
21
ഞങ്ങള്‍ കേട്ടിരിക്കുന്നു എന്ന് പറയുകയും യാതൊന്നും കേള്‍ക്കാതിരിക്കുകയും ചെയ്തവരെപോലെ നിങ്ങളാകരുത്.
22
തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു.
23
അവരില്‍ വല്ല നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞിരുന്നുവെങ്കില്‍ അവരെ അവന്‍ കേള്‍പ്പിക്കുക തന്നെ ചെയ്യുമായിരുന്നു. അവരെ അവന്‍ കേള്‍പിച്ചിരുന്നെങ്കില്‍ തന്നെ അവര്‍ അവഗണിച്ചുകൊന്നു് തിരിഞ്ഞു കളയുമായിരുന്നു
24
നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യന്നും അവന്‍റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞ് കൊള്ളുക.
25
ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
26
നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച് പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത് കളയുമെന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട് അവന്‍ നിങ്ങള്‍ക്ക് ആശ്രയം നല്‍കുകയും അവന്‍റെ സഹായം കൊണ്ട് നിങ്ങള്‍ക്ക് പിന്‍ബലം നല്‍കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി.
27
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്.
28
നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
29
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കുവാനുള്ള കഴിവ് അവനുണ്ടാക്കിത്തരികയും, അവന്‍ നിങ്ങളുടെ തിന്‍മകള്‍ മായ്ച്ചുകളയുകയും, നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.
30
നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍.
Sonraki 30 ayet →