1
ഖാഫ്. മഹത്വമേറിയ ഖുര്‍ആന്‍ തന്നെയാണ, സത്യം.
2
എന്നാല്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത് വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെട്ടു. എന്നിട്ട് സത്യനിഷേധികള്‍ പറഞ്ഞു: ഇത് അത്ഭുതകരമായ കാര്യമാകുന്നു.
3
നാം മരിച്ച് മണ്ണായിക്കഴിഞ്ഞിട്ടോ (ഒരു പുനര്‍ ജന്‍മം?) അത് വിദൂരമായ ഒരു മടക്കമാകുന്നു.
4
അവരില്‍ നിന്ന് ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്; തീര്‍ച്ച നമ്മുടെ അടുക്കല്‍ (വിവരങ്ങള്‍) സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു ഗ്രന്ഥവുമുണ്ട്.
5
എന്നാല്‍ സത്യം അവര്‍ക്കു വന്നെത്തിയപ്പോള്‍ അവര്‍ അത് നിഷേധിച്ചു കളഞ്ഞു. അങ്ങനെ അവര്‍ ഇളകികൊണ്ടിരിക്കുന്ന (അനിശ്ചിതമായ) ഒരു നിലപാടിലാകുന്നു.
6
അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്? അതിന് വിടവുകളൊന്നുമില്ല.
7
ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൌതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
8
(സത്യത്തിലേക്ക്) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി.
9
ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു.
10
അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും.
11
(നമ്മുടെ) ദാസന്‍മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത് മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാട്.
12
ഇവരുടെ മുമ്പ് നൂഹിന്‍റെ ജനതയും റസ്സുകാരും, ഥമൂദ് സമുദായവും സത്യം നിഷേധിക്കുകയുണ്ടായി.
13
ആദ് സമുദായവും, ഫിര്‍ഔനും, ലൂത്വിന്‍റെ സഹോദരങ്ങളും,
14
മരക്കൂട്ടങ്ങള്‍ക്കിടയില്‍ വസിച്ചിരുന്നവരും, തുബ്ബഇന്‍റെ ജനതയും. ഇവരെല്ലാം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അപ്പോള്‍(അവരില്‍) എന്‍റെ താക്കീത് സത്യമായി പുലര്‍ന്നു.
15
അപ്പോള്‍ ആദ്യതവണ സൃഷ്ടിച്ചതു കൊണ്ട് നാം ക്ഷീണിച്ച് പോയോ? അല്ല, അവര്‍ പുതിയൊരു സൃഷ്ടിപ്പിനെപ്പറ്റി സംശയത്തിലാകുന്നു.
16
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്‍റെ) കണ്ഠനാഡി യെക്കാള്‍ അവനോട് അടുത്തവനും ആകുന്നു.
17
വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നു കൊണ്ട് ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം.
18
അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല.
19
മരണവെപ്രാളം യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്. എന്തൊന്നില്‍ നിന്ന് നീ ഒഴിഞ്ഞ് മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്.
20
കാഹളത്തില്‍ ഊതപ്പെടുകയും ചെയ്യും. അതാകുന്നു താക്കീതിന്‍റെ ദിവസം.
21
കൂടെ ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും ഏതൊരാളും (അന്ന്) വരുന്നത്.
22
(അന്ന് സത്യനിഷേധിയോടു പറയപ്പെടും:) തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍ നിന്ന് നിന്‍റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്‍റെ ദൃഷ്ടി ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു.
23
അവന്‍റെ സഹചാരി (മലക്ക്) പറയും: ഇതാകുന്നു എന്‍റെ പക്കല്‍ തയ്യാറുള്ളത് (രേഖ)
24
(അല്ലാഹു മലക്കുകളോട് കല്‍പിക്കും:) സത്യനിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നിങ്ങള്‍ നരകത്തില്‍ ഇട്ടേക്കുക.
25
അതായത് നന്‍മയെ മുടക്കുന്നവനും അതിക്രമകാരിയും സംശയാലുവുമായ ഏതൊരുത്തനെയും.
26
അതെ, അല്ലാഹുവോടൊപ്പം വേറെ ദൈവത്തെ സ്ഥാപിച്ച ഏതൊരുവനെയും. അതിനാല്‍ കഠിനമായ ശിക്ഷയില്‍ അവനെ നിങ്ങള്‍ ഇട്ടേക്കുക.
27
അവന്‍റെ കൂട്ടാളിപറയും: ഞങ്ങളുടെ രക്ഷിതാവേ! ഞാനവനെ വഴിതെറ്റിച്ചിട്ടില്ല. പക്ഷെ, അവന്‍ വിദൂരമായ ദുര്‍മാര്‍ഗത്തിലായിരുന്നു.
28
അവന്‍ (അല്ലാഹു) പറയും: നിങ്ങള്‍ എന്‍റെ അടുക്കല്‍ തര്‍ക്കിക്കേണ്ട. മുമ്പേ ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്.
29
എന്‍റെ അടുക്കല്‍ വാക്ക് മാറ്റപ്പെടുകയില്ല. ഞാന്‍ ദാസന്‍മാരോട് ഒട്ടും അനീതി കാണിക്കുന്നവനുമല്ല.
30
നീ നിറഞ്ഞ് കഴിഞ്ഞോ എന്ന് നാം നരകത്തോട് പറയുകയും, കൂടുതല്‍ എന്തെങ്കിലുമുണ്ടോ എന്ന് അത് (നരകം) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്.
Sonraki 15 ayet →