1
ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകളയുന്നവരാകുന്നു.
2
അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് പുതുതായി ഏതൊരു ഉല്‍ബോധനം അവര്‍ക്ക് വന്നെത്തിയാലും കളിയാക്കുന്നവരായിക്കൊണ്ട് മാത്രമേ അവരത് കേള്‍ക്കുകയുള്ളൂ.
3
ഹൃദയങ്ങള്‍ അശ്രദ്ധമായിക്കൊണ്ട് (അവരിലെ) അക്രമികള്‍ അന്യോന്യം രഹസ്യമായി ഇപ്രകാരം മന്ത്രിച്ചു; നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമല്ലേ ഇത്? എന്നിട്ട് നിങ്ങള്‍ കണ്ടറിഞ്ഞ് കൊണ്ട് തന്നെ ഈ ജാലവിദ്യയുടെ അടുത്തേക്ക് ചെല്ലുകയാണോ?
4
അദ്ദേഹം (നബി) പറഞ്ഞു: എന്‍റെ രക്ഷിതാവ് ആകാശത്തും ഭൂമിയിലും പറയപ്പെടുന്നതെല്ലാം അറിയുന്നു. അവനാണ് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.
5
എന്നാല്‍ അവര്‍ പറഞ്ഞു: പാഴ്കിനാവുകള്‍ കണ്ട വിവരമാണ് (മുഹമ്മദ് പറയുന്നത്) (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല, അതവന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല; അവനൊരു കവിയാണ്. എന്നാല്‍ (അവന്‍ പ്രവാചകനാണെങ്കില്‍) മുന്‍ പ്രവാചകന്‍മാര്‍ ഏതൊരു ദൃഷ്ടാന്തവുമായാണോ അയക്കപ്പെട്ടത് അതുപോലൊന്ന് അവന്‍ നമുക്ക് കൊണ്ട് വന്നു കാണിക്കട്ടെ.
6
ഇവരുടെ മുമ്പ് നാം നശിപ്പിച്ച ഒരു നാട്ടുകാരും വിശ്വസിക്കുകയുണ്ടായില്ല. എന്നിരിക്കെ ഇവര്‍ വിശ്വസിക്കുമോ ?
7
നിനക്ക് മുമ്പ് പുരുഷന്‍മാരെ (ആളുകളെ) യല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം ബോധനം നല്‍കുന്നു. നിങ്ങള്‍ (ഈ കാര്യം) അറിയാത്തവരാണെങ്കില്‍ വേദക്കാരോട് ചോദിച്ച് നോക്കുക.
8
അവരെ (പ്രവാചകന്‍മാരെ) നാം ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല. അവര്‍ നിത്യജീവികളായിരുന്നതുമില്ല.
9
അനന്തരം അവരോടുള്ള വാഗ്ദാനത്തില്‍ നാം സത്യസന്ധത പാലിച്ചു. അങ്ങനെ അവരെയും നാം ഉദ്ദേശിക്കുന്നവരെയും നാം രക്ഷപ്പെടുത്തി. അതിരുകവിഞ്ഞവരെ നാം നശിപ്പിക്കുകയും ചെയ്തു.
10
തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം ഒരു ഗ്രന്ഥം അവതരിപ്പിച്ച് തന്നിട്ടുണ്ട്. നിങ്ങള്‍ക്കുള്ള ഉല്‍ബോധനം അതിലുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
11
അക്രമത്തില്‍ ഏര്‍പെട്ടിരുന്ന എത്ര നാടുകളെ നാം നിശ്ശേഷം തകര്‍ത്തുകളയുകയും, അതിന് ശേഷം നാം മറ്റൊരു ജനവിഭാഗത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്.!
12
അങ്ങനെ നമ്മുടെ ശിക്ഷ അവര്‍ക്ക് അനുഭവപ്പെട്ടപ്പോള്‍ അവരതാ അവിടെനിന്ന് ഓടിരക്ഷപ്പെടാന്‍ നോക്കുന്നു.
13
(അപ്പോള്‍ അവരോട് പറയപ്പെട്ടു.) നിങ്ങള്‍ ഓടിപ്പോകേണ്ട. നിങ്ങള്‍ക്ക് നല്‍കപ്പെട്ട സുഖാഡംബരങ്ങളിലേക്കും, നിങ്ങളുടെ വസതികളിലേക്കും നിങ്ങള്‍ തിരിച്ചുപോയിക്കൊള്ളുക. നിങ്ങള്‍ക്ക് വല്ല അപേക്ഷയും നല്‍കപ്പെടാനുണ്ടായേക്കാം.
14
അവര്‍ പറഞ്ഞു: അയ്യോ; ഞങ്ങള്‍ക്ക് നാശം! തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളായിപ്പോയി.
15
അങ്ങനെ അവരെ നാം കൊയ്തിട്ട വിള പോലെ ചലനമറ്റ നിലയിലാക്കിത്തീര്‍ക്കുവോളം അവരുടെ മുറവിളി അതു തന്നെയായിക്കൊണ്ടിരുന്നു.
16
ആകാശത്തെയും, ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല.
17
നാം ഒരു വിനോദമുണ്ടാക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നമ്മുടെ അടുക്കല്‍ നിന്നു തന്നെ നാമത് ഉണ്ടാക്കുമായിരുന്നു. (എന്നാല്‍) നാം (അത്) ചെയ്യുന്നതല്ല.
18
എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന്‍റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്ത് കളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങള്‍ (അല്ലാഹുവെപ്പറ്റി) പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് നാശം.
19
അവന്റേതാകുന്നു ആകാശങ്ങളിലും, ഭൂമിയിയും ഉള്ളവരെല്ലാം. അവന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്നത് വിട്ട് അഹങ്കരിക്കുകയില്ല. അവര്‍ക്ക് ക്ഷീണം തോന്നുകയുമില്ല.
20
അവര്‍ രാവും പകലും (അല്ലാഹുവിന്‍റെ പരിശുദ്ധിയെ) പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അവര്‍ തളരുകയില്ല.
21
അതല്ല, അവര്‍ ഭൂമിയില്‍ നിന്നുതന്നെ (മരിച്ചവരെ) ജീവിപ്പിക്കാന്‍ കഴിവുള്ള വല്ല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുകയാണോ?
22
ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!
23
അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.
24
അതല്ല, അവന്ന് പുറമെ അവര്‍ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: എങ്കില്‍ നിങ്ങള്‍ക്കതിനുള്ള പ്രമാണം കൊണ്ട് വരിക. ഇതു തന്നെയാകുന്നു എന്‍റെ കൂടെയുള്ളവര്‍ക്കുള്ള ഉല്‍ബോധനവും എന്‍റെ മുമ്പുള്ളവര്‍ക്കുള്ള ഉല്‍ബോധനവും. പക്ഷെ, അവരില്‍ അധികപേരും സത്യം അറിയുന്നില്ല. അതിനാല്‍ അവര്‍ തിരിഞ്ഞുകളയുകയാകുന്നു.
25
ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.
26
പരമകാരുണികന്‍ സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു.അവന്‍ എത്ര പരിശുദ്ധന്‍! എന്നാല്‍ (അവര്‍ - മലക്കുകള്‍) അവന്‍റെ ആദരണീയരായ ദാസന്‍മാര്‍ മാത്രമാകുന്നു.
27
അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്‍റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു
28
അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു.
29
അവരുടെ കൂട്ടത്തില്‍ ആരെങ്കിലും ഞാന്‍ അവന്ന് (അല്ലാഹുവിന്) പുറമെയുള്ള ദൈവമാണെന്ന് പറയുന്ന പക്ഷം അവന്ന് നാം നരകം പ്രതിഫലമായി നല്‍കുന്നതാണ്. അപ്രകാരമത്രെ അക്രമികള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
30
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?
Sonraki 30 ayet →