1
വിശ്വസിച്ചവരേ, കരാറുകള്‍ പാലിക്കുക. നാല്‍ക്കാലികളില്‍പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു; വഴിയെ വിവരിക്കുന്നവ ഒഴികെ. എന്നാല്‍ ഇഹ്റാമിലായിരിക്കെ വേട്ടയാടുന്നത് അനുവദനീയമായി ഗണിക്കരുത്. അല്ലാഹു അവനിച്ഛിക്കുന്നത് വിധിക്കുന്നു.
2
വിശ്വസിച്ചവരേ, അല്ലാഹുവിന്റെ ചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്. പവിത്രമാസം; ബലിമൃഗങ്ങള്‍; അവയെ തിരിച്ചറിയാനുള്ള കഴുത്തിലെ വടങ്ങള്‍; തങ്ങളുടെ നാഥന്റെ അനുഗ്രഹവും പ്രീതിയും തേടി പുണ്യഗേഹലേക്ക് പോകുന്നവര്‍- ഇവയെയും നിങ്ങള്‍ അനാദരിക്കരുത്. ഇഹ്റാമില്‍ നിന്നൊഴിവായാല്‍ നിങ്ങള്‍ക്ക് വേട്ടയിലേര്‍പ്പെടാവുന്നതാണ്. മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതില്‍ നിന്ന് നിങ്ങളെ വിലക്കിയവരോടുള്ള വെറുപ്പ് അവര്‍ക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. പുണ്യത്തിലും ദൈവഭക്തിയിലും പരസ്പരം സഹായികളാവുക. പാപത്തിലും പരാക്രമത്തിലും പരസ്പരം സഹായികളാകരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.
3
ശവം, രക്തം, പന്നിയിറച്ചി, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടിച്ചത്തത്, തല്ലിക്കൊന്നത്, വീണുചത്തത്, തമ്മില്‍കുത്തിച്ചത്തത്, വന്യമൃഗം കടിച്ചു തിന്നിട്ടത്- ചാവും മുമ്പെ നിങ്ങള്‍ അറുത്തത് ഒഴികെ- പ്രതിഷ്ഠകള്‍ക്ക് ബലിയറുത്തത്; ഇതൊക്കെയും നിങ്ങള്‍ക്ക് നിഷിദ്ധമാണ്. അമ്പുകള്‍കൊണ്ട് ഭാഗ്യപരീക്ഷണം നടത്തലും നിഷിദ്ധം തന്നെ. ഇതെല്ലാം മ്ളേഛമാണ്. സത്യനിഷേധികള്‍ നിങ്ങളുടെ ദീനിനെ നേരിടുന്നതില്‍ ഇന്ന് നിരാശരായിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കേണ്ടതില്ല. എന്നെ മാത്രം ഭയപ്പെടുക. ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്കു തികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്ലാമിനെ നിങ്ങള്‍ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും പട്ടിണി കാരണം നിഷിദ്ധം തിന്നാന്‍ നിര്‍ബന്ധിതനായാല്‍, അവന്‍ തെറ്റുചെയ്യാന്‍ തല്‍പരനല്ലെങ്കില്‍, അറിയുക: ഉറപ്പായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
4
അവര്‍ നിന്നോടു ചോദിക്കുന്നു: എന്തൊക്കെയാണ് തങ്ങള്‍ക്ക് തിന്നാന്‍ പാടുള്ളതെന്ന്. പറയുക: നിങ്ങള്‍ക്ക് നല്ല വസ്തുക്കളൊക്കെയും തിന്നാന്‍ അനുവാദമുണ്ട്. അല്ലാഹു നിങ്ങള്‍ക്കേകിയ അറിവുപയോഗിച്ച് നിങ്ങള്‍ പരിശീലിപ്പിച്ച വേട്ടമൃഗം നിങ്ങള്‍ക്കായി പിടിച്ചുകൊണ്ടുവന്നു തരുന്നതും നിങ്ങള്‍ക്ക് തിന്നാം. എന്നാല്‍ ആ ഉരുവിന്റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉരുവിടണം. അല്ലാഹുവെ സൂക്ഷിക്കുക. സംശയം വേണ്ട; അല്ലാഹു അതിവേഗം കണക്കു നോക്കുന്നവനാണ്.
5
ഇന്ന് എല്ലാ നല്ല വസ്തുക്കളും നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നു. വേദക്കാരുടെ ആഹാരം നിങ്ങള്‍ക്കും നിങ്ങളുടെ ആഹാരം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്കുമുമ്പേ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്ക് അനുവദനീയരാണ്. നിങ്ങള്‍ അവര്‍ക്ക് വിവാഹമൂല്യം നല്‍കി കല്യാണം കഴിക്കണമെന്നുമാത്രം. അതോടൊപ്പം അവര്‍ പരസ്യമായി വ്യഭിചാരത്തിലേര്‍പ്പെടുന്നവരോ രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരോ ആവരുത്. സത്യവിശ്വാസത്തെ നിഷേധിക്കുന്നവന്റെ പ്രവര്‍ത്തനങ്ങളൊക്കെയും പാഴായിരിക്കുന്നു. പരലോകത്ത് അവന്‍ പാപ്പരായിരിക്കും.
6
വിശ്വസിച്ചവരേ, നിങ്ങള്‍ നമസ്കാരത്തിനൊരുങ്ങിയാല്‍ നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ ഇരുകരങ്ങളും കഴുകുക. തല തടവുകയും ഞെരിയാണിവരെ കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ വലിയ അശുദ്ധിയുള്ളവരാണെങ്കില്‍ കുളിച്ചു ശുദ്ധിയാവുക. രോഗികളോ യാത്രക്കാരോ ആണെങ്കിലും നിങ്ങളിലാരെങ്കിലും വിസര്‍ജിച്ചുവരികയോ സ്ത്രീസംസര്‍ഗം നടത്തുകയോ ചെയ്തിട്ട് വെള്ളം കിട്ടാതിരിക്കുകയാണെങ്കിലും ശുദ്ധിവരുത്താന്‍ മാലിന്യമില്ലാത്ത മണ്ണ് ഉപയോഗിക്കുക. അതില്‍ കയ്യടിച്ച് മുഖവും കൈകളും തടവുക. നിങ്ങളെ പ്രയാസപ്പെടുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങള്‍ക്ക് അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരാനും അവനുദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.
7
അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. അവന്‍ നിങ്ങളോട് കരുത്തുറ്റ കരാര്‍ വാങ്ങിയ കാര്യവും. അഥവാ, “ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു” വെന്ന് നിങ്ങള്‍ പറഞ്ഞ കാര്യം. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു മനസ്സുകളിലുള്ളതൊക്കെയും നന്നായറിയുന്നവനാണ്.
8
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റം പറ്റിയത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.
9
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ടെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.
10
എന്നാല്‍ സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെ തള്ളിക്കളയുകയും ചെയ്തവരോ, അവരാണ് നരകാവകാശികള്‍.
11
വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ: ഒരുകൂട്ടര്‍ നിങ്ങള്‍ക്ക് നേരെ കൈയോങ്ങാന്‍ ഒരുമ്പെടുകയായിരുന്നു. അപ്പോള്‍ അല്ലാഹു നിങ്ങളില്‍ നിന്ന് അവരുടെ കൈകളെ തടഞ്ഞുനിര്‍ത്തി. അതിനാല്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം സര്‍വസ്വം സമര്‍പ്പിക്കട്ടെ.
12
അല്ലാഹു ഇസ്രയേല്‍ മക്കളോട് കരാര്‍ വാങ്ങിയിരുന്നു. അവരില്‍ പന്ത്രണ്ടുപേരെ മുഖ്യന്മാരായി നാം നിയോഗിക്കുകയും ചെയ്തു. അല്ലാഹു അവരോടു പറഞ്ഞു: "തീര്‍ച്ചയായും ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. എന്റെ ദൂതന്മാരില്‍ വിശ്വസിക്കുക. അവരെ സഹായിക്കുക. അല്ലാഹുവിന് ശ്രേഷ്ഠമായ കടം കൊടുക്കുകയും ചെയ്യുക. എങ്കില്‍ ഞാന്‍ നിങ്ങളുടെ തിന്മകള്‍ മായ്ച്ചുകളയും; താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കും; തീര്‍ച്ച. എന്നാല്‍ അതിനുശേഷം നിങ്ങളാരെങ്കിലും നിഷേധികളാവുകയാണെങ്കില്‍ അവന്‍ നേര്‍വഴിയില്‍നിന്ന് തെറ്റിപ്പോയതുതന്നെ.
13
പിന്നീട് അവരുടെ കരാര്‍ ലംഘനം കാരണമായി നാമവരെ ശപിച്ചു. അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെയ്തു. അവര്‍ വേദവാക്യങ്ങള്‍ വളച്ചൊടിക്കുന്നു. നാം നല്‍കിയ ഉദ്ബോധനങ്ങളില്‍ വലിയൊരു ഭാഗം മറക്കുകയും ചെയ്തു. അവരില്‍ അല്‍പം ചിലരൊഴിച്ച് ബാക്കിയുള്ളവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന വഞ്ചന നീ കണ്ടുകൊണ്ടേയിരിക്കും. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരോടു വിട്ടുവീഴ്ച കാണിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടും; തീര്‍ച്ച.
14
ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് അവകാശപ്പെടുന്നവരില്‍ നിന്നും നാം കരാര്‍ വാങ്ങിയിരുന്നു. എന്നാല്‍ അവരും തങ്ങള്‍ക്കു ലഭിച്ച ഉദ്ബോധനങ്ങളില്‍ വലിയൊരുഭാഗം മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ നാം ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ പരസ്പര വൈരവും വെറുപ്പും വളര്‍ത്തി. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ അറിയിക്കുന്നതാണ്.
15
വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന ഒത്തിരി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ വേദവും വന്നെത്തിയിരിക്കുന്നു.
16
തന്റെ തൃപ്തി തേടിയവരെ അല്ലാഹു വേദംവഴി സമാധാനത്തിന്റെ പാതയിലേക്കു നയിക്കുന്നു. തന്റെ ഹിതത്താല്‍, അവരെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കു കൊണ്ടുവരുന്നു. നേരായ വഴിയിലൂടെ നയിക്കുകയും ചെയ്യുന്നു.
17
മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് ദൈവമെന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു. ചോദിക്കുക: അല്ലാഹു മര്‍യമിന്റെ മകന്‍ മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവന്റെ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നതെല്ലാം അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
18
യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു, തങ്ങള്‍ ദൈവത്തിന്റെ മക്കളും അവനു പ്രിയപ്പെട്ടവരുമാണെന്ന്. അവരോടു ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്? എന്നാല്‍ ഓര്‍ക്കുക; നിങ്ങളും അവന്റെ സൃഷ്ടികളില്‍പെട്ട മനുഷ്യര്‍ മാത്രമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകുന്നു. അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. വിണ്ണിന്റെയും മണ്ണിന്റെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ഉടമ അല്ലാഹുവാണ്. എല്ലാറ്റിന്റെയും മടക്കവും അവനിലേക്കുതന്നെ.
19
വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. “ഞങ്ങളുടെ അടുത്ത് ശുഭവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ” എന്ന് നിങ്ങള്‍ പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ.
20
മൂസാ തന്റെ ജനത്തോടു പറഞ്ഞ സന്ദര്‍ഭം: "എന്റെ ജനമേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക: അവന്‍ നിങ്ങളില്‍ പ്രവാചകന്മാരെ നിയോഗിച്ചു. നിങ്ങളെ രാജാക്കന്മാരാക്കി. ലോകരില്‍ മറ്റാര്‍ക്കും നല്‍കാത്ത പലതും അവന്‍ നിങ്ങള്‍ക്കു നല്‍കി.
21
എന്റെ ജനമേ, അല്ലാഹു നിങ്ങള്‍ക്കായി നിശ്ചയിച്ച പുണ്യഭൂമിയില്‍ പ്രവേശിക്കുക. പിറകോട്ട് തിരിച്ചുപോകരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ പരാജിതരായിത്തീരും.”
22
അവര്‍ പറഞ്ഞു: "ഹേ, മൂസാ, മഹാ മല്ലന്മാരായ ജനമാണ് അവിടെയുള്ളത്. അവര്‍ പുറത്തുപോകാതെ ഞങ്ങളവിടെ പ്രവേശിക്കുകയില്ല. അവര്‍ അവിടം വിട്ടൊഴിഞ്ഞാല്‍ ഞങ്ങളങ്ങോട്ടുപോകാം.”
23
ദൈവഭയമുള്ളവരും ദിവ്യാനുഗ്രഹം ലഭിച്ചവരുമായ രണ്ടുപേര്‍ മുന്നോട്ടുവന്നു. അവര്‍ പറഞ്ഞു: "പട്ടണവാതിലിലൂടെ നിങ്ങളവിടെ കടന്നുചെല്ലുക. അങ്ങനെ പ്രവേശിച്ചാല്‍ തീര്‍ച്ചയായും നിങ്ങളാണ് വിജയികളാവുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക.”
24
എന്നാല്‍ അവര്‍ ഇതുതന്നെ പറയുകയാണുണ്ടായത്: "മൂസാ, അവരവിടെ ഉള്ളേടത്തോളം കാലം ഞങ്ങളങ്ങോട്ട് പോവുകയില്ല. അതിനാല്‍ താനും തന്റെ ദൈവവും പോയി യുദ്ധം ചെയ്തുകൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരുന്നുകൊള്ളാം.”
25
മൂസാ പ്രാര്‍ഥിച്ചു: "എന്റെ നാഥാ, എന്റെയും എന്റെ സഹോദരന്റെയും മേലല്ലാതെ എനിക്കു നിയന്ത്രണമില്ല. അതിനാല്‍ ധിക്കാരികളായ ഈ ജനത്തില്‍നിന്ന് നീ ഞങ്ങളെ വേര്‍പെടുത്തേണമേ.”
26
അല്ലാഹു മൂസായെ അറിയിച്ചു: "തീര്‍ച്ചയായും നാല്‍പതു കൊല്ലത്തേക്ക് ആ പ്രദേശം അവര്‍ക്ക് വിലക്കപ്പെട്ടിരിക്കുന്നു. അക്കാലമത്രയും അവര്‍ ഭൂമിയില്‍ അലഞ്ഞുതിരിയും. ധിക്കാരികളായ ഈ ജനത്തിന്റെ പേരില്‍ നീ ദുഃഖിക്കേണ്ടതില്ല.”
27
നീ അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രന്മാരുടെ കഥ വസ്തുനിഷ്ഠമായി വിവരിച്ചുകൊടുക്കുക. അവരിരുവരും ബലി നടത്തിയപ്പോള്‍ ഒരാളുടെ ബലി സ്വീകാര്യമായി. അപരന്റേത് സ്വീകരിക്കപ്പെട്ടില്ല. അതിനാല്‍ അവന്‍ പറഞ്ഞു: "ഞാന്‍ നിന്നെ കൊല്ലുക തന്നെ ചെയ്യും.” അപരന്‍ പറഞ്ഞു: "ഭക്തന്മാരുടെ ബലിയേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.
28
എന്നെ കൊല്ലാന്‍ നീ എന്റെ നേരെ കൈനീട്ടിയാലും നിന്നെ കൊല്ലാന്‍ ഞാന്‍ നിന്റെ നേരെ കൈനീട്ടുകയില്ല. തീര്‍ച്ചയായും ഞാന്‍ പ്രപഞ്ചനാഥനായ അല്ലാഹുവെ ഭയപ്പെടുന്നു.
29
എന്റെ പാപവും നിന്റെ പാപവും നീ തന്നെ പേറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നീ നരകാവകാശിയായിത്തീരണമെന്നും. അക്രമികള്‍ക്കുള്ള പ്രതിഫലം അതാണല്ലോ.”
30
എന്നിട്ടും അവന്റെ മനസ്സ് തന്റെ സഹോദരനെ വധിക്കാന്‍ തയ്യാറായി. അങ്ങനെ അവന്‍ അയാളെ കൊന്നു. അതിനാല്‍ അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായി.
Sonraki 30 ayet →