Ana SayfaMealler › Karakunnu-Elayavoor
KE

Karakunnu-Elayavoor

Karakunnu-Elayavoor
Karakunnu-Elayavoor meali ile okumaya başla
İbrahim 1 / 52
1
അലിഫ് - ലാം - റാഅ്. ഇത് നാം നിനക്കിറക്കിയ വേദപുസ്തകമാണ്. ജനങ്ങളെ അവരുടെ നാഥന്റെ അനുമതിയോടെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍. പ്രതാപിയും സ്തുത്യര്‍ഹനുമായവന്റെ മാര്‍ഗത്തിലേക്ക്.
Karakunnu-Elayavoor 14:1
2
ആകാശഭൂമികളിലുള്ളവയുടെയെല്ലാം ഉടമയായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്. സത്യനിഷേധികള്‍ക്ക് കഠിനശിക്ഷയുടെ കൊടും നാശമാണുണ്ടാവുക.
Karakunnu-Elayavoor 14:2
3
പരലോകത്തെക്കാള്‍ ഇഹലോക ജീവിതത്തെ സ്നേഹിക്കുന്നവരാണവര്‍. ദൈവമാര്‍ഗത്തില്‍ നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുന്നവരും ദൈവമാര്‍ഗം വികലമാകണമെന്നാഗ്രഹിക്കുന്നവരുമാണ്. അവര്‍ വഴികേടില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു.
Karakunnu-Elayavoor 14:3
4
നാം നിയോഗിച്ച ഒരു ദൂതന്നും തന്റെ ജനതയുടെ ഭാഷയിലല്ലാതെ സന്ദേശം നല്‍കിയിട്ടില്ല. അവര്‍ക്കത് വിവരിച്ചുകൊടുക്കാനാണ് അങ്ങനെ ചെയ്തത്. അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവന്‍ ഏറെ പ്രതാപിയും യുക്തിമാനും തന്നെ.
Karakunnu-Elayavoor 14:4
5
മൂസയെ നാം നമ്മുടെ വചനങ്ങളുമായി അയച്ചു. നാം പറഞ്ഞു: നീ നിന്റെ ജനത്തെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കു നയിക്കുക. അല്ലാഹുവിന്റെ സവിശേഷമായ നാളുകളെപ്പറ്റി അവരെ ഓര്‍മിപ്പിക്കുക. തികഞ്ഞ ക്ഷമയുള്ളവര്‍ക്കും നിറഞ്ഞ നന്ദിയുള്ളവര്‍ക്കും അതില്‍ നിരവധി തെളിവുകളുണ്ട്.
Karakunnu-Elayavoor 14:5
6
മൂസ തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം: "അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക: ഫറവോന്റെ ആള്‍ക്കാരില്‍ നിന്ന് അവന്‍ നിങ്ങളെ രക്ഷിച്ച കാര്യം. അവര്‍ നിങ്ങളെ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. നിങ്ങളുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും പെണ്ണുങ്ങളെ ജീവിക്കാന്‍ വിടുകയുമായിരുന്നു. നിങ്ങള്‍ക്കതില്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള വമ്പിച്ച പരീക്ഷണമുണ്ട്.
Karakunnu-Elayavoor 14:6
7
നിങ്ങളുടെ നാഥനിങ്ങനെ വിളംബരം ചെയ്ത സന്ദര്‍ഭം: “നിങ്ങള്‍ നന്ദി കാണിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ധാരാളമായി നല്‍കും; അഥവാ, നന്ദികേടു കാണിക്കുകയാണെങ്കില്‍ എന്റെ ശിക്ഷ കടുത്തതായിരിക്കുകയും ചെയ്യും.”
Karakunnu-Elayavoor 14:7
8
മൂസ പറഞ്ഞു: "നിങ്ങളും ഭൂമിയിലുള്ളവരൊക്കെയും സത്യനിഷേധികളായാല്‍പ്പോലും അല്ലാഹു തീര്‍ത്തും സ്വയംപര്യാപ്തനാണ്. സ്തുത്യര്‍ഹനും.”
Karakunnu-Elayavoor 14:8
9
നിങ്ങളുടെ മുന്‍ഗാമികളുടെ വര്‍ത്തമാനം നിങ്ങള്‍ക്ക് വന്നെത്തിയിട്ടില്ലേ; നൂഹിന്റെ ജനതയുടെയും ആദ്, സമൂദ് ഗോത്രങ്ങളുടെയും അവര്‍ക്കുശേഷമുള്ള, കൃത്യമായി അല്ലാഹുവിനു മാത്രമറിയാവുന്ന സമുദായങ്ങളുടെയും വാര്‍ത്ത. അവരിലേക്കുള്ള നമ്മുടെ ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെയടുത്ത് ചെന്നു. അപ്പോഴവര്‍ കൈവിരലുകള്‍ തങ്ങളുടെ തന്നെ വായില്‍ തിരുകിക്കയറ്റി. എന്നിട്ടിങ്ങനെ പറഞ്ഞു: "ഏതൊരു സന്ദേശവുമായാണോ നിങ്ങളെ അയച്ചിരിക്കുന്നത് അതിനെ ഞങ്ങളിതാ കള്ളമാക്കിത്തള്ളുന്നു. ഏതൊന്നിലേക്കാണോ ഞങ്ങളെ നിങ്ങള്‍ വിളിക്കുന്നത് അതേപ്പറ്റി ഞങ്ങള്‍ ആശങ്കാപൂര്‍ണമായ സംശയത്തിലാണ്.”
Karakunnu-Elayavoor 14:9
10
അവര്‍ക്കുള്ള ദൈവദൂതന്മാര്‍ പറഞ്ഞു: "ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവിന്റെ കാര്യത്തിലാണോ നിങ്ങള്‍ക്കു സംശയം? അറിയുക: നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരാനും നിശ്ചിത അവധിവരെ നിങ്ങള്‍ക്ക് അവസരം നീട്ടിത്തരാനുമായി അവന്‍ നിങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു.” ആ ജനം പറഞ്ഞു: "നിങ്ങള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. ഞങ്ങളുടെ പിതാക്കള്‍ പൂജിച്ചിരുന്നവയില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങളുദ്ദേശിക്കുന്നത്. അതിനാല്‍ വ്യക്തമായ എന്തെങ്കിലും തെളിവ് കൊണ്ടുവരൂ.”
Karakunnu-Elayavoor 14:10
11
അവര്‍ക്കുള്ള ദൈവദൂതന്മാര്‍ അവരോടു പറഞ്ഞു: "ഞങ്ങള്‍ നിങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. എന്നാല്‍ അല്ലാഹു തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. ദൈവഹിതമനുസരിച്ചല്ലാതെ നിങ്ങള്‍ക്ക് ഒരു തെളിവും കൊണ്ടുവന്നുതരാന്‍ ഞങ്ങള്‍ക്കാവില്ല. വിശ്വാസികള്‍ അല്ലാഹുവിലാണ് ഭരമേല്‍പിക്കേണ്ടത്.
Karakunnu-Elayavoor 14:11
12
ഞങ്ങള്‍ എന്തിന് അല്ലാഹുവില്‍ ഭരമേല്‍പിക്കാതിരിക്കണം? ഞങ്ങളെ അവന്‍ ഞങ്ങള്‍ക്കാവശ്യമായ നേര്‍വഴിയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കേല്‍പിക്കുന്ന ദ്രോഹം ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. ഭരമേല്‍പിക്കുന്നവരൊക്കെയും അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.”
Karakunnu-Elayavoor 14:12
13
സത്യനിഷേധികള്‍ തങ്ങളുടെ ദൈവദൂതന്മാരോടു പറഞ്ഞു: "നിങ്ങളെ ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കുതന്നെ തിരിച്ചുവരണം.” അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്ക് ബോധനം നല്‍കി: "ഈ അക്രമികളെ നാം നശിപ്പിക്കുകതന്നെ ചെയ്യും.
Karakunnu-Elayavoor 14:13
14
അവര്‍ക്കുശേഷം നിങ്ങളെ നാം ഈ നാട്ടില്‍ താമസിപ്പിക്കും. വിധിദിനത്തിലെ എന്റെ സ്ഥാനത്തെ ഭയപ്പെടുകയും എന്റെ താക്കീതിനെ പേടിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ഔദാര്യമാണിത്.”
Karakunnu-Elayavoor 14:14
15
ആ ദൈവദൂതന്മാര്‍ വിജയത്തിനായി പ്രാര്‍ഥിച്ചു. ധിക്കാരികളായ സ്വേഛാധിപതികളൊക്കെ തോറ്റമ്പി.
Karakunnu-Elayavoor 14:15
16
ഇതിനു പിന്നാലെ കത്തിയെരിയുന്ന നരകത്തീയുണ്ട്. ചോരയും ചലവും ചേര്‍ന്ന നീരാണവിടെ കുടിക്കാന്‍ കിട്ടുക.
Karakunnu-Elayavoor 14:16
17
അത് കുടിച്ചിറക്കാനവന്‍ ശ്രമിക്കും. എന്നാല്‍, വളരെ വിഷമിച്ചേ അവന്നത് തൊണ്ടയില്‍ നിന്നിറക്കാനാവൂ. നാനാഭാഗത്തുനിന്നും മരണം അവന്റെ നേരെ വരും. എന്നാലൊട്ടു മരിക്കുകയുമില്ല. ഇതിനുപിറകെ കഠിനമായ ശിക്ഷ വേറെയുമുണ്ട്.
Karakunnu-Elayavoor 14:17
18
തങ്ങളുടെ നാഥനെ കള്ളമാക്കിത്തള്ളിയവരുടെ ഉദാഹരണമിതാ: അവരുടെ പ്രവര്‍ത്തനങ്ങള്‍, കൊടുങ്കാറ്റുള്ള നാളില്‍ കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത മാര്‍ഗഭ്രംശം.
Karakunnu-Elayavoor 14:18
19
വളരെ കൃത്യതയോടെ അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചത് നീ കാണുന്നില്ലേ. അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ തുടച്ചുമാറ്റി പകരം പുതിയ സൃഷ്ടികളെ അവന്‍ കൊണ്ടുവരും.
Karakunnu-Elayavoor 14:19
20
അല്ലാഹുവിനിതൊട്ടും പ്രയാസകരമല്ല
Karakunnu-Elayavoor 14:20
21
അവരെല്ലാവരും അല്ലാഹുവിങ്കല്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും. അപ്പോള്‍ ഈ ലോകത്ത് ദുര്‍ബലരായിരുന്നവര്‍, അഹങ്കരിച്ചുകഴിഞ്ഞിരുന്നവരോടു പറയും: "തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നുവല്ലോ. അതിനാലിപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ഞങ്ങള്‍ക്ക് എന്തെങ്കിലും ഇളവ് ഉണ്ടാക്കിത്തരുമോ?” അവര്‍ പറയും: "അല്ലാഹു ഞങ്ങള്‍ക്കു വല്ല രക്ഷാമാര്‍ഗവും കാണിച്ചുതന്നിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കും രക്ഷാമാര്‍ഗം കാണിച്ചുതരുമായിരുന്നു. ഇനി നാം വെപ്രാളപ്പെടുന്നതും ക്ഷമ പാലിക്കുന്നതും സമമാണ്. നമുക്കു രക്ഷപ്പെടാനൊരു പഴുതുമില്ല.”
Karakunnu-Elayavoor 14:21
22
വിധി തീര്‍പ്പുണ്ടായിക്കഴിഞ്ഞാല്‍ പിശാച് പറയും: "അല്ലാഹു നിങ്ങള്‍ക്ക് സത്യമായ വാഗ്ദാനമാണ് നല്‍കിയത്. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ, ഞാനത് ലംഘിച്ചു. എനിക്ക് നിങ്ങളുടെമേല്‍ ഒരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്നുമാത്രം. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി. അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിയാല്‍ മതി. എനിക്കു നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. നേരത്തെ നിങ്ങളെന്നെ അല്ലാഹുവിന് പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിക്കുന്നു.” തീര്‍ച്ചയായും അക്രമികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
Karakunnu-Elayavoor 14:22
23
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിക്കും. തങ്ങളുടെ നാഥന്റെ ഹിതമനുസരിച്ച് അവരവിടെ നിത്യവാസികളായിരിക്കും. അവിടെയവരുടെഅഭിവാദ്യം സമാധാനത്തിന്റേതായിരിക്കും.
Karakunnu-Elayavoor 14:23
24
ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു.
Karakunnu-Elayavoor 14:24
25
എല്ലാ കാലത്തും അത് അതിന്റെ നാഥന്റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് ഉപമകള്‍ വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ ചിന്തിച്ചറിയാന്‍.
Karakunnu-Elayavoor 14:25
26
ചീത്ത വചനത്തിന്റെ ഉപമ ഒരു ക്ഷുദ്ര വൃക്ഷത്തിന്റേതാണ്. ഭൂതലത്തില്‍ നിന്ന് അത് വേരോടെ പിഴുതെറിയപ്പെട്ടിരിക്കുന്നു. അതിനെ ഉറപ്പിച്ചുനിര്‍ത്തുന്ന ഒന്നുമില്ല.
Karakunnu-Elayavoor 14:26
27
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് അല്ലാഹു സുസ്ഥിരമായ വചനത്താല്‍ സ്ഥൈര്യം നല്‍കുന്നു; ഇഹലോകജീവിതത്തിലും പരലോകത്തും. അക്രമികളെ അല്ലാഹു വഴികേടിലാക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നതെന്തും ചെയ്യുന്നു.
Karakunnu-Elayavoor 14:27
28
അല്ലാഹുവിന്റെ അനുഗ്രഹത്തിനു നന്ദികാണിക്കാത്തവരെ നീ കണ്ടില്ലേ? അവര്‍ തങ്ങളുടെ ജനതയെ നാശത്തിന്റെ താവളത്തിലേക്ക് തള്ളിയിട്ടു.
Karakunnu-Elayavoor 14:28
29
അഥവാ, നരകത്തിലേക്ക്. അവരതില്‍ കത്തിയെരിയും. അതെത്ര ചീത്ത താവളം!
Karakunnu-Elayavoor 14:29
30
അവര്‍ അല്ലാഹുവിന് ചില സമന്മാരെ സങ്കല്‍പിച്ചുവെച്ചിരിക്കുന്നു. അവന്റെ മാര്‍ഗത്തില്‍ നിന്ന്ജനത്തെ തെറ്റിക്കാന്‍. പറയുക: നിങ്ങള്‍ സുഖിച്ചോളൂ. തീര്‍ച്ചയായും നിങ്ങളുടെ മടക്കം നരകത്തീയിലേക്കാണ്.
Karakunnu-Elayavoor 14:30